1989 കലാമണ്ഡലം പുറത്തിറക്കിയ ജവഹർലാൽ നെഹ്റു ജന്മശതാബ്ദി സ്മരണിക കാണുവാനിടയായി. ഇതിൽ പഞ്ചവാദ്യത്തിനെ കുറിച്ച് അന്നമനട പരമേശ്വരമാരാർ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ആധുനിക പഞ്ചവാദ്യത്തിന്റെ സ്രഷ്ടാവ് എന്ന പേരിലറിയപ്പെടുന്ന ശ്രീ അന്നമനട പരമേശ്വരമാരാരുടെ ലേഖനം പഞ്ചവാദ്യ ചരിത്രാന്വേഷണത്തിൽ താൽപര്യമുള്ളതുകൊണ്ട് വളരെ കൗതുകത്തോടെയാണ് വായിച്ചത്.
പഴയകാല പഞ്ചവാദ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം പഞ്ചവാദ്യ കലയുടെ ആദ്യ രൂപത്തെ കുറിച്ച് എന്തെങ്കിലും പ്രസ്താവിക്കുക അസാധ്യമാണ്. കാരണം, ഈ കലാരൂപത്തിന്റെ പഴയ സ്വഭാവത്തെ പറ്റി ഏതാണ്ട് ഒരു ധാരണയും അനുഭവവും ഈ ലേഖകന് ഉണ്ടെങ്കിൽ തന്നെ അതിന്റെ ഉൽപ്പത്തിയെ കുറിച്ച് യാതൊരു കേട്ടറിവും കണ്ടറിവുമില്ല.
ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞ് പോയവരുമായ നിരവധി പേരോട് ഈ വിശിഷ്ട കലയുടെ ഉത്ഭവത്തെക്കുറിച്ച് ചോദിച്ചു എങ്കിലും ആർക്കും വ്യക്തമായ മറുപടി തരാൻ ഇല്ലായിരുന്നുഓർമ്മ വച്ച നാൾ മുതൽ ലേഖകൻ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അതായത് ഉദ്ദേശം 75 വർഷത്തിലേറെയായി ക്ഷേത്രകലകളു മായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരികയാണ്. അന്നമനട ക്ഷേത്രത്തിലെ അടിയന്തരക്കാരുടെ കുടുംബത്തിലായിരുന്നു ജനനം. കാരണവന്മാർ ക്ഷേത്രകലയിൽ അക്കാലത്തെ അതിനിപുണരും പ്രഗത്ഭരും ആയിരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ ക്ഷേത്രകലാന്തരീക്ഷത്തിൽ മുഴുകാൻ ഉള്ള സന്ദർഭവും സാഹചര്യവും . ഇതിലേറെ എന്തു വേണം ഒരു കലാമുകുളത്തിനു വിടരാൻ . ക്ഷേത്രത്തിലെക്ക് അഞ്ചുവയസ്സു മുതൽ പോകാൻ ഈ ലേഖകൻ നിർബന്ധിതനായി. അതായിരുന്നു അന്നത്തെ സമ്പ്രദായം അഞ്ചു വയസ്സുമുതൽ ഉള്ള കുട്ടികളാണ് അന്നമനട ക്ഷേത്രത്തിലെ അടിയന്തരം നടത്തിയിരുന്നത്. യശശ്ശരീരനായ അന്നമനട അച്യുതമാരാരുടെയും ഈ ലേഖകന്റെയും (യശ:ശരീരനായ അന്നമനട ശേഖരമാരാർ കൃഷ്ണൻകുട്ടി മാരാർ തുടങ്ങിയവരുടെ താവഴി ) താവഴിക്കാർക്ക് ഓരോ മാസം വീതം മാറിമാറിയാണ് ക്ഷേത്രത്തിലെ അടിയന്തരം നടത്താനുണ്ടായിരുന്നത്. അടിയന്തരത്തിന് സന്ധ്യക്ക് ദീപാരാധനയ്ക്കു പത്തു മിനിട്ടു സമയം ഒരു തിമില, ഒരു തൊപ്പി മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഒരു കുറുംകുഴൽ എന്നിവ ഉൾപ്പെടുത്തിയ പഞ്ചവാദ്യവും നടയടച്ചു തുറക്കുമ്പോൾ മൂന്ന് ശംഖും നിർബന്ധമായിരുന്നു.

75 വർഷം മുമ്പ് നിലവിലുണ്ടായിരുന്ന പഞ്ചവാദ്യം പഞ്ചവാദ്യം ഇങ്ങനെയായിരുന്നു പത്തു വയസ്സുള്ളപ്പോൾ അമ്മാമനോടൊപ്പം കാവിൽ താമസിക്കുമ്പോൾ ഗുരുവായൂര് ഏകാദശി വിളക്ക് കാണാൻ പോകാറുണ്ടായിരുന്നു. അവിടെയും ഇടക്ക പ്രദക്ഷിണത്തിന് അന്നമനടയിൽ അന്നു നിലവിലിരുന്ന ഇതേ പഞ്ചവാദ്യം തന്നെയാണ് ഉണ്ടായിരുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ അന്നത്തെ പഞ്ചവാദ്യത്തിൽ തിമില, ഇടയ്ക്ക, തൊപ്പി മദ്ദളം, ചേങ്ങല , ശ്രുതിയോട് കൂടിയ കുറുംകുഴൽ, എന്നിവയായിരുന്നു എന്ന അറിവ് കൂടുതൽ സ്ഥിരീകരിക്കപ്പെട്ടു. ഈ അഞ്ചു വാദ്യവിശേഷങ്ങളും കൂടി അഞ്ചു കാലങ്ങളിലായി ഇന്നു നടപ്പുള്ള പോലെയുള്ള ആദിതാളത്തിൽ ആരംഭിച്ച് ത്രിപുട താളത്തിൽ കലാശിക്കുകയായിരുന്നു പതിവ്. കാലക്രമേണ വാദ്യങ്ങളുടെ എണ്ണം കൂടി . ഒരു തിമില എന്നത് മൂന്നും നാലും ആയി വർധിപ്പിച്ചു. തൊപ്പിമദ്ദളം അതിനുപകരം ശുദ്ധമദ്ദളം നടപ്പിലാക്കിയെങ്കിലും മദ്ദളത്തിൽ എണ്ണത്തിൽ മാറ്റം വന്നില്ല. ചേങ്ങിലക്കു പകരം ഇലത്താളവും , കുറുംകുഴലിനു പകരം കൊമ്പുമായി. ഓരോ താളവട്ടവും ഓരോരുത്തർ ഒറ്റക്കായി കൊട്ടുകയായിരുന്നു. കാലം അൽപം വിളംബപ്പെടുത്തുക കൂടി പഞ്ചവാദ്യത്തിന്റെ പ്രകടന സമയം പത്തുമിനുട്ടിൽ നിന്ന് ഒരു മണിക്കൂറായി വർദ്ധിച്ചു. മദ്ദളം കഴുത്തിലിട്ടാണ് കൊട്ടിയിരുന്നത്.
തൃശ്ശൂർ പൂരത്തിനു പോലും കുറെ കാലം അങ്ങിനെ ആയിരുന്നു. ഒരു വർഷത്തെ തൃശ്ശൂർ പൂരം കഴിഞ്ഞ് വെങ്കിച്ചൻ സ്വാമിയും ശിഷ്യനായ മാധവവാരിയരും കൂടി തിരുവില്വാമലക്കു തിരിച്ചു പോകുമ്പോൾ ശിഷ്യൻ ഗുരുവിനോട് പഞ്ചവാദ്യത്തിന് മദ്ദളം തിമില പോലെ കഴുത്തിലിട്ടു കൊട്ടുന്നത് മാറ്റണമെന്നഭിപ്രായപ്പെട്ടു . അതു ശരിയാണെന്നു തോന്നിയ സ്വാമി, ശിഷ്യൻ വാരിയരോട് പിറ്റേന്ന് കാലത്ത് തന്റെ മഠത്തിലേക്ക് വരുവാൻ പറഞ്ഞു. അതുപ്രകാരം മഠത്തിലെത്തിയ സ്വാമി മദ്ദളം കഴുത്തിലിട്ടു കൊട്ടുന്നതിനു പകരം അരയിലിട്ട് കൊട്ടുന്നതിനേക്കുറിച്ച് ആലോചിച്ച് അതിനുള്ള ചിട്ടകൾ തയ്യാക്കി. അടുത്ത കന്നിമാസത്തിലെ തിരുവില്വാമല നിറമാലക്കു ആദ്യമായി ഈ പരിഷ്കാരം നടപ്പിലാക്കി. അങ്ങിനെ പഞ്ചവാദ്യത്തിന് മദ്ദളം അരയിലിട്ടു കൊട്ടാനാരംഭിച്ചു. ഈ പ്രയോഗ പരിണാമം ആസ്വാദകർ സഹർഷം സ്വാഗതം ചെയ്തു. മദ്ദളത്തിന്റെ വലം തല പ്രയോഗം കൂടി വന്നപ്പോഴാണ് ഇത്രയും ശബ്ദഗാംഭീര്യം ഉണ്ടായത്. തുടർന്നുള്ള രണ്ടു മൂന്നുവർഷത്തിനുളളിൽ എല്ലാ മദ്ദള കലാകാരന്മാരും ഈ മാതൃക സ്വീകരിച്ച് അരയിലിട്ടു കൊട്ടാൻ തുടങ്ങി.

✒️ : Kariyannur Narayanan Namboothiri
തുടരും…
