വാദ്യസംഗീതം എനിക്കത്ര മേൽ പ്രിയ്യപ്പെട്ടതാണ്. ജീവിതവുമായി ഒരു പാട് അടുത്ത് ബന്ധിപ്പിക്കാവുന്ന ഒന്നാണത്.
തറവാട്ടിനടുത്തുള്ള ഒരു കൊച്ചു ക്ഷേത്രമുണ്ട് ഓടയി വീട് എന്ന് പേരായി. അവിടെ നിന്നും ചെറിയ ചെറിയ ( വിരലിലെണ്ണാവുന്ന വാദ്യക്കാർ) മേളങ്ങൾ, തായമ്പക കേട്ടായിരിക്കണം കുഞ്ഞുന്നാളിലേ ഹൃദയസംഗീതമായി വാദ്യമേളങ്ങൾ രൂപാന്തരം പ്രാപിക്കുന്നത്.
അങ്ങിനെ അങ്ങിനെ പ്രിയതരമായി മാറിയ ചെണ്ടക്കായി എൻ്റെ കുഞ്ഞു ഹൃദയവും മിടിക്കാൻ തുടങ്ങി. വീട്ടിൽ സാധനങ്ങൾ ഒഴിഞ്ഞ ടിന്നിൽ നൂൽ കെട്ടി അത് കഴുത്തിലിട്ടായി ഈയുള്ളവൻ്റെ പ്രയോഗം .അങ്ങിനെ സ്വയമേവ ഉള്ള്യേരി ശങ്കരമാരായി നടിച്ച് ഞെളിഞ്ഞ് നിന്ന് തായമ്പകയും മേളവും സൃഷ്ടിച്ച് മുറ്റത്തൂടെ നടപ്പ് വീട്ടുകാരിൽ ചിരി പടർത്തി.
ഉള്ള്യേരി ശങ്കര മാരാർ തന്നെയാണ് മേളകലയിലെ ആദ്യ ആരാധ്യ പുരുഷൻ. കുറച്ചു ടെ വലുതായി ഒരു 7 or 8 വയസിലെത്തിയപ്പോഴായിരിക്കണം പൊയിൽക്കാവിൽ മട്ടന്നൂരിനെ കാണുന്നത്. തായമ്പകയിലും മേളത്തിലും എന്തൊക്കെയോ ചില സ്പഷ്യലുകൾ കൊണ്ടുവരുന്ന ആ കൈവിരൽ മാന്ത്രികതയെ ഞാൻ മനസാൽ വരിച്ചുതുടങ്ങി. അങ്ങിനെ പിൽക്കാലത്ത് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ,മോഹൻലാൽ, സച്ചിൻ ടെണ്ടുൽക്കർ, യേശുദാസ് എന്നിവർക്കൊപ്പം ഹൃദയഭാജനമായ തീർന്നു.
ഓടായി വീട്ടിൽ നിന്നും കാഞ്ഞിലശ്ശേരിയിലേക്കും , ചേമഞ്ചേരി കുഞ്ഞിക്കുളങ്ങരയിലേക്കും ,തിരുവങ്ങൂരിലേക്കും, പൊയിൽക്കാവിലേക്കും എല്ലാം വ്യാപിക്കുകയായിരുന്നു മ്മടെ മേള പ്രാന്ത്! മട്ടന്നൂരും, ഉള്ള്യേരിക്കും പിന്നാലെ ആലിപ്പറമ്പിനേയും, കല്ലൂരിനേയും, കടന്നപ്പള്ളിയേയും എല്ലാം ആസ്വദിച്ചു തുടങ്ങി.
ഇനിയാണ് ഞാൻ ഓർക്കണക്കണ കഥയിലേ നായകൻ വരുന്നത്. എനിക്കന്ന് 12 വയസ് കഴിഞ്ഞിരിക്കുന്നു ( 7th ക്ലാസ് ) 1997ലെ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രോത്സവം. അവിടെ ഏറ്റവും പ്രധാന ഉൽസവ ചടങ്ങാണ് രഥോൽസവം. ഭഗവാൻ്റെ കോലം എഴുന്നെള്ളിക്കുന്നത് രഥത്തിലാണ്. ആ രഥം ഉരുട്ടാനായി കുറേ ചേട്ടൻമാരുണ്ടാവും. അമ്പലത്തിനു മുന്നിലേ ദേശീയപാത പകുതിയോളം ഭാഗം ഇതിനായി വരും. ബാക്കി പകുതിയിലൂടെ മാത്രമാണ് ആ സമയം വാഹന ഗതാഗതം ഉണ്ടാവുക. ഇതു കൊണ്ടു കൂടിയാണോ എന്നറിയുന്നില്ല ആന എഴുന്നെള്ളത്ത് അവിടെ ഉണ്ടാവാറില്ല.

മട്ടന്നൂരോ കേട്ടു കേൾവിയിലുള്ളവരോ മേള നിരയിലില്ല. എനിക്ക് ആകെ മുഷിച്ചിലായി.അസഹിഷ്ണുത അച്ഛൻ്റെ ചെവിട്ടിലെത്തിച്ചു. അച്ഛനും അത് പറഞ്ഞ് വച്ചു ദേശക്കാരാരെയും കാണുന്നില്ലല്ലോ അപ്പൂ.
ഒരൽപ്പം വെറുപ്പോടെ ആണെങ്കിലും എന്തായാലും മേളം കാണാമെന്നു തന്നെ അച്ഛനോടു പറഞ്ഞു.
അങ്ങിനെ ചെണ്ടയിൽ ആദ്യകോൽ വീണു.പതിയെ പതിയെ ൻ്റെ മുഖം ഞാനറിയാതെ തുടുത്തു തുടങ്ങി. ആദ്യ ദർശനത്താൽ പ്രണയാതുരനായ കാമുകനെ പോലെ ഞാനാകെ ചുവന്നു തുടുത്തു.
പുതുമഴയേറ്റ് നനഞ്ഞ മണ്ണിൻ്റെ ഗന്ധം പോലെ ഒരനുഭൂതി അവിടെയാകെ പടർന്നു .
മഴ കാത്ത് കഴിയുന്ന രാജ്യത്തേക്ക് പാദസ്പർശനം നടത്തിയ ഋഷ്യശൃംഗനെ പോലൊരാൾ നടുവിൽ നിന്നു കൊണ്ട് പുതുമഴ പോലെ പുളകം കൊള്ളിച്ച് കൊണ്ടൊരു ചെംപട മേളം പെയ്യിച്ചിരിക്കണു.
പതിയെ പതിയെ എന്നിലെ കുശുമ്പ് വിസ്മയമായി വിടരുന്നത് ഞാനറിയാതെ തന്നെ അറിഞ്ഞു.
ഇത്രമേൽ സംഗീതം തുളുമ്പണ മേളം ഞാൻ എൻ്റെ മട്ടന്നൂരിൽ പോലും കണ്ടില്ലല്ലോ എന്ന് അത്ഭുതം കൂറി .അങ്ങിനെ അമ്പലത്തിലെ അനൗൺസ്മെൻറിലുടെ ഞാനറിഞ്ഞു ആ മേള ഗന്ധർവ്വൻ്റെ നാമം
‘കാച്ചാം കുറിശ്ശി കണ്ണൻമാരാർ ‘ നയിക്കുന്ന പാണ്ടിമേത്തോടെയുള്ള രഥോൽസവം എഴുന്നെള്ളിപ്പ്
ആ മേള ധ്വനികൾ ഇപ്പോഴും കാതിലൂടെ അലയടിക്കുന്നു. ഏറ്റവും പ്രിയ തരമായ എന്തിനോടും കിടപിടിക്കുന്നതാണ് അന്നത്തെ ആ മേളം.ആ ഓർമ്മകൾ പോലും ഉള്ളിൽ ശുദ്ധമായ സ്നേഹം നിറയ്ക്കുന്നതാണ്. ഹൃദയത്തിൽ നൻമയുടെ ആർജിത ഊർജ്ജ പ്രസരണം നടക്കും എന്നതാണല്ലോ ശുദ്ധസംഗീതത്തിൻ്റെ മേൻമയും.
ആ പ്രാവശ്യം തന്നെ പൊയിൽക്കാവിൽ വച്ചും അപൂർവ്വ ഭാഗ്യം ലഭിച്ചു.അതി മനോഹരമായ മേളനം ഒരിക്കൽ കൂടി നുകരുക എന്നത്.പിന്നീടൊരിക്കൽ കൂടി ആ ഭാഗ്യം ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ മേള അരങ്ങുകൾ തൃശൂരും, പാലക്കാടും എല്ലാ മാണല്ലോ, എന്നിലെ കുട്ടി എന്തു ചെയ്യുവാൻ .
ഇക്കാലത്ത് മേളം നടക്കുന്ന ഒട്ടുമിക്ക ദേശങ്ങളിലും ഞാൻ എത്താറുണ്ട്. ആസ്വദിക്കാത്ത മേള പ്രതിഭകൾ നന്നേ കുറവ് തന്നെയാണു താനും. അങ്ങിനെ വന്നു വന്നു കണ്ണൻ മാരാരുടെ തട്ടകമായ കുട്ടനെല്ലൂരിലെ മണ്ണിൽ നിന്നും പഞ്ചാരി കേൾക്കാനുള്ള ഭാഗ്യവും ഈയുള്ളവനുണ്ടായി.
ചാന്ദ്രനിലാവിലലിഞ്ഞ പുലരിയിൽ തീവെട്ടിയുടെ സ്വർണ്ണവർണ്ണനിറത്തിൽ ,പൊന്നിൻനെറ്റിപ്പടം കെട്ടിയ കൊമ്പൻമാരുടെ പുറത്തെഴുന്നെള്ളണ കുട്ടനെല്ലൂർ ഭഗവതിക്കായി ഒരുങ്ങുന്ന പഞ്ചാരിമേളം ഒരിക്കൽ കേട്ടാൽ പിന്നെ മറക്കാൻ പറ്റില്ല. അറിയാതെ അറിയാതെ നമ്മൾ അടുത്ത വർഷവും ഇവിടെയെത്തുന്ന എന്തോ ഒരു കാന്തം ഇവിടുത്തെ പഞ്ചാരിമേളത്തിനുണ്ടായിരിക്കണം.
കണ്ണേട്ടൻ്റെ ആത്മാവായിരിക്കണം കൊറോണക്കും പോലും കീഴടക്കാനാവാത്ത ആ ചാന്ദ്രനിലാവിലലിഞ്ഞ മേളത്തെ സംരക്ഷിച്ചു നിർത്തുന്നത്!. അല്ലെങ്കിലും അവിടെ ആദ്യം കാലു കുത്തിയപ്പോഴേ കേൾക്കുന്നത് ആ ഒരു പേരു മാത്രമാണ്. ഓരോരുത്തരും അവിടെയും ഇവിടെയും ആയി നിന്ന് കുശു കുശുക്കുന്നു കണ്ണേട്ട ഉള്ളപ്പോൾ, കണ്ണേട്ട പോയ ശേഷം.
അങ്ങിനെ എല്ലാ കഥകളിലും നിറഞ്ഞ സ്നേഹമായി ഹൃദയത്തുടിപ്പായി നിറഞ്ഞ് നിൽക്കണ ഒരേയൊരു സ്നേഹ മന്ത്രം അതിൻ്റെ പേരാണ് ‘കാച്ചാം കുറിശ്ശി കണ്ണൻ മാരാർ ‘ .അനശ്വര മന്ത്രമായി, അമരത്വം നേടിയ നാമമായി കുട്ടനെല്ലൂരിലെ മൺ തരികളിലും, കാറ്റിലും അലിഞ്ഞ് ചേർന്ന മന്ത്രം. ആ മന്ത്രധ്വനികളിലെ സ്നേഹം അനുഗ്രഹമായി കുട്ടേട്ടൻ്റെ ഹൃദയത്തിലേക്കും അദ്ദേഹമറിയാതെ തന്നെ പ്രവേശിക്കുന്നതോടെ കുട്ടനെല്ലൂർ പഞ്ചാരി പകരം വക്കാനില്ലാത്ത നാദസ്വർഗ്ഗമായി ആസ്വാദകർ നുകരുന്നു.
ഈ പുതുവർഷ പുലരിയിൽ ഞാൻ ഓർക്കണത് ആ ഒരു നഷ്ടം മാത്രമാണ്. കണ്ണേട്ടൻ ആ കാലത്ത് സൃഷ്ടിച്ച പഞ്ചാരി പഞ്ചാമൃതം ഒരിക്കൽ പോലും കേൾക്കാനായില്ലല്ലോ എന്നത്.
ആ ഒരാഗ്രഹം മാത്രമാണ് ബാക്കിയും. ഒരിക്കലും നടക്കാത്ത ആ ഒരാഗ്രഹം. നടക്കില്ലെന്നറിയിലും മോഹിക്കുന്നു സ്വപ്നത്തിലെങ്കിലും കേൾക്കുമാറാകണം
ചാന്ദ്രനിലാവിൽ കുളിച്ച് തീവെട്ടിയുടെ മഞ്ഞ വെളിച്ചത്തിൽ നിറഞ്ഞിരിക്കുന്ന കുട്ടനെല്ലൂർ ഭഗവതിക്കായി കണ്ണേട്ടൻ ഒരുക്കുന്ന ആ സംഗീത മന്ത്രം, പഞ്ചാരിയുടെ അഞ്ച് കാലങ്ങൾ കേട്ട് മണ്ണും വിണ്ണു കോരിത്തിക്കുന്ന ലോകമെല്ലാം ഒന്നായി തീരുന്ന ആ സുവർണ്ണ നിമിഷങ്ങൾ സ്വപ്നത്തിലെങ്കിലും അനുഭവിക്കാൻ അനുവദിക്കൂ.
✒️ : Vipin D Nair https://www.facebook.com/vipindas.mathiroli
